Pages

Subscribe:

Sunday, February 15, 2015

'കസ്തൂര്‍ഭ' വെക്കേഷനില്‍ തിയ്യറ്ററുകളിലേക്ക്!



കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ ജനകീയ സിനിമ സംരംഭമായ മുസിരിസ് മൂവീസിന്റെ രണ്ടാമത്തെ ചിത്രം 'കസ്തൂര്‍ഭ' ഈ മധ്യവേനലവധിയില്‍ തിയ്യറ്റുകളിലേക്ക്.സിദ്ധിക്ക് പറവൂര്‍ കഥയും തിരക്കഥയും ഗാന രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന.ചിത്രത്തിന് ഷെമീര്‍ഖാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.ഒരു പഞ്ചായത്തിലെ മുന്നൂറിലധികം ആളുകള്‍ അണിനിരക്കുന്ന.ഈ ചിത്രവും ആദ്യ സംരംഭത്തിനേക്കാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്.അണിയറ പ്രവര്‍ത്തകരും നാട്ടുകാരും.

Monday, February 24, 2014

‘നിലാവുറങ്ങുമ്പോള്‍’ ജനകീയ സിനിമക്ക് മരുഭൂമിയില്‍ സ്വീകരണം(ഗള്ഫ് മാധ്യമം)

-എം.ബി. അനീസുദ്ദീന്‍-

സിനിമയിലെ ഒരു രംഗം
റാസല്‍ഖൈമ: ഗ്രാമീണ-തീരദേശ പൈതൃകങ്ങള്‍ ഒപ്പിയെടുത്ത് മധ്യ കേരളത്തിലെ അഴീക്കോട് തീരദേശം കേന്ദ്രീകരിച്ച് പിറവിയെടുത്ത ‘നിലാവുറങ്ങുമ്പോള്‍’ എന്ന ജനകീയ സിനിമയുടെ പ്രദര്‍ശനം റാസല്‍ഖൈമയില്‍ നടന്നു. പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുര സ്മരണകള്‍ സമ്മാനിക്കുന്നതാണ് ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രം. ഇതിലെ കഥാപാത്രങ്ങളായ സുലൈമാനും നാരായണന്‍കുട്ടിയും ആയിഷയും ബാലതാരമായ സെയ്ദുമെല്ലാം മുഖ്യധാര സിനിമകളിലെ താരങ്ങളോട് കിടപിടിക്കുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.ചലച്ചിത്ര രംഗത്തെ പതിവ് ചേരുവകളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമീണ തൊഴിലാളികള്‍, വീട്ടമ്മമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മാത്രമാണ് ഇതില്‍ വേഷമത്. നന്മയുടെയും കാരുണ്യത്തിന്‍െറയും ഭുമികയില്‍ നിന്ന് കൊണ്ട് പ്രാര്‍ഥനയിലൂടെ ശുഭ പ്രതീക്ഷ പുലര്‍ത്തി ജീവിതം നയിക്കണമെന്ന സന്ദേശമാണ് സിദ്ദീഖ് പറവൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ജനകീയ സിനിമയുടെ പ്രമേയം. മുസ്രിസ് മൂവീസ് ഒരുക്കിയ ‘നിലാവുറങ്ങുമ്പോള്‍’ എന്ന കൊടുങ്ങല്ലൂരിലെ ആദ്യ ജനകീയ ചലച്ചിത്രത്തിന്‍െറ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ഷഹ്ന ടീച്ചറാണ്. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനില്‍ ഹാളില്‍ വെള്ളിയാഴ്ച നടന്ന പ്രദര്‍ശനം പ്രസിഡന്‍റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു.ഒരു ഗ്രാമത്തിലെ കലാകാരന്മാരെ മാത്രം ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കിയ ജനകീയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനമര്‍ഹിക്കുന്നതായി സലീം പറഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ ഒതുങ്ങി കഴിയുന്ന പ്രതിഭകളുടെ കഴിവുകള്‍ ചിതലരിക്കാതെ നിലനിര്‍ത്താന്‍ ഇത്തരം സംരംഭങ്ങളിലൂടെ കഴിയുമെന്ന് സംവിധായകന്‍ സിദ്ദീഖ് പറവൂര്‍ അഭിപ്രായപ്പെട്ടു. മുസ്രിസ് മൂവീസ് പി.ആര്‍.ഒ റിയാസ് കൊടുങ്ങല്ലൂര്‍ സംബന്ധിച്ചു.
http://www.madhyamam.com/news/272920/140224

നന്മ നിറഞ്ഞ ഡോള്‍ഫിന്‍ (പുതിയ പേര് നിലാവുറങ്ങുന്പോള്)

നവാസ്ഇബ്നുആദം
നന്മ നിറഞ്ഞ ഡോള്‍ഫിന്‍ (പുതിയ പേര് നിലാവുറങ്ങുന്പോള്)

മലയാളികളുടെ മനസ്സില്‍ പതിറ്റാണ്ടുകളോളം വടക്കന്‍ പാട്ടിലെ ചതിയനായിരുന്നു ചന്തു എന്ന കഥാപാത്രം .പക്ഷെ 'ഒരു വടക്കന്‍വീരഗാഥ 'എന്ന ഒരറ്റ ചിത്രത്തിലൂടെ ഇനിയൊരിക്കലും 'ചതിയനായി 'തിരിച്ചു വരാത്തവിധം എം ടി എന്ന പ്രതിഭ ചന്തുവിനെ അവതരിപിച്ചപ്പോള്‍ മലയാളികള്‍ ഒരു പ്രതിഷേധവും കൂടാതെ തങ്ങളുടെ മനസ്സില്‍ നിന്ന് ചതിയനായ ചന്തുവിനെ ഇറക്കി വിട്ടു , സ്നേഹത്തിനു മുന്നില്‍ സ്വയം എരിഞ്ഞു തീര്‍ക്കുന്ന ,കാരിരുമ്പിന്റെ കരുത്തുള്ള, നന്മയുള്ള ചന്തുവിനെ പകരം പ്രതിഷ്ട്ടിച്ചു .
എത്ര വേഗമാണ് തറഞ്ഞു കിടന്നിരുന്ന ധാരണകളെയും ,വിശ്വാസത്തെയും ഒരു സിനിമയിലൂടെ എം ടി മാറ്റി മറിച്ചത് .ഇവിടെയാണ്‌ സിനിമയെന്ന മാധ്യമത്തിന്റെ പ്രസക്തി നാം തിരിച്ചറിയുന്നത്‌ .
പക്ഷെ ഖേധകരമെന്നു പറയട്ടെ 'ന്യൂ ജനറേഷന്‍ 'എന്ന് വിളിക്കപെടുന്ന ഇന്നത്തെ മിക്ക സിനിമകളും ഈ ദൌത്യം മറന്നാണ് സിനിമയെ സമീപിക്കുന്നത് .
ഇവിടെയാണ്‌ സിദ്ദിക്ക് പറവൂര്‍, മുസരിസ് മൂവിസിന്റെ ബാനറില്‍ അണിയിച്ചു ഒരുക്കിയ 'ഡോള്‍ഫിന്‍ 'എന്ന സിനിമ വിത്യസ്തമാകുന്നത് .
കടലില്‍ മീന്‍ പിടിക്കാന്‍ പോയി തിരികെയെത്താത്ത പിതാവിനെ കാത്തിരിക്കുന്ന ഒരു മകന്റെ കഥാസന്ദര്‍ഭങ്ങളിലൂടെ 'ഡോള്‍ഫിന്‍ 'പ്രേക്ഷകനെ കൊണ്ട് പോകുന്നത് നന്മ നിറഞ്ഞ ഒരുപാട് സന്ദേശങ്ങളിലിലൂടെയാണ് .
മനുഷ്യനെന്ന നിലയില്‍ ,സമൂഹത്തോട് ,സഹാജിവിയോടു നാം പുലര്‍ത്തേണ്ട കടമകളെ കുറിച്ച് ,മര്യാദകളെ കുറിച്ച് ഒരു അന്ധനെ ലക്ഷ്യത്തിലേക്ക് വഴി നടത്തുന്ന കൊച്ചുനായകന്‍റെ പ്രകടനത്തിലൂടെ എത്ര ഹൃദ്യമായാണ് സംവിധായകന്‍ പ്രക്ഷനോട് സംവദിക്കുന്നത് .
ഒന്നര മണികൂറോളം സീറ്റില്‍ നിന്ന് എഴുനെല്പിക്കാതെ പ്രക്ഷകനെ പിടിചിരുത്തുന്നുണ്ട് 'ഡോള്‍ഫിന്‍ 'എന്ന സിനിമയിലൂടെ സംവിധായകന്‍ സിദ്ദിക് പറവൂര്‍ .
കഷണിക്കപെട്ട വേദിയില്‍ സംവിധായകനായ സിദ്ദിക് പറവൂരിന്റെ കൂടെ അണിയറ പ്രവര്‍ത്തകനും സുഹൃത്തും ആയ Riyas Kodungallur ഉം ,പ്രശസ്തരായ അധിതികള്‍ക്കൊപ്പം ഈയുള്ളവനും 'ഡോള്‍ഫിന്‍ 'കണ്ടു കൊണ്ടിരിക്കുമ്പോള്‍
കണ്ണുകളില്‍ ഇടയ്ക്കു ഉറഞ്ഞു കൂടിയ ഈറന്‍ വല്ലാതെ പണിപെട്ടാണ് മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിച്ചത് .(മറ്റുള്ളവരും ഏറെകുറെ അങ്ങിനെ തന്നെയായിരുന്നു എന്ന് സദസ് പ്രിരിയുന്നതിനു മുന്പ് ആരും പറയാന്‍ മടിച്ചില്ല )
ആനുകാലിക സാമൂഹിക ചുറ്റുപാടില്‍ ഇത്തരം സിനിമകള്‍ എന്തുകൊണ്ടും പ്രോത്സാഹനം അര്‍ഹിക്കുന്നതാണ് .നവാഗതരുടെ ചില്ലറ പോരായ്മകള്‍ മറച്ചു പിടിച്ചാല്‍ സുന്ദരവും ,ഹൃദ്യവുമായ ഒപ്പം നന്മയുടെ സന്ദേശവും കൂടിയായ ദൃശ്യാനുഭവം തന്നെയാണ് സിദ്ദിക് പറവൂരും അണിയറ പ്രവര്‍ത്തകരും 'ഡോള്‍ഫിന്‍'നിലൂടെ പ്രേക്ഷകന് സമ്മാനിക്കുന്നത് .
മാറുന്ന ലോകത്തില്‍ നന്മ നിറഞ്ഞൊരു കൈയൊപ്പ്‌ ,'ഡോള്‍ഫിന്‍ 'തീര്‍ച്ചയായും അതുതന്നെയാണ് .
(സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദങ്ങള്‍ അര്‍പിക്കുന്നു )

Thursday, February 20, 2014

കൊടുങ്ങല്ലൂരിലെ ആദ്യ ജനകീയ സിനിമ പ്രദര്‍ശനവും ചര്‍ച്ചയും യുഎഇയില്‍



ജനകീയ സിനിമയുടെ സംവിധായകന്‍ സിദ്ധിക്ക് പറവൂര്‍ വോയ്‌സ് ഓഫ് കേരളയില്‍


നന്മയുടെ സ്പര്‍ശവുമായി ജനകീയ സിനിമ തിരിച്ചുവരുന്നു....

ബക്കര്മേത്തല
സിനിമയുടെ ജനകീയതയെക്കുറിച്ചുള്ള ഒരു കണ്‍സപ്റ്റ് മലയാളികളുടെ ചലച്ചിത്രബോധത്തിലേക്ക് കൊണ്ട് വന്നത് ജോണ്‍ അബ്രഹാം ആണ്. സിനിമയുടെ ജനകീയത വിഷയ സ്വീകരണത്തില്‍ മാത്രമല്ല അതിന്റെ നിര്‍മ്മിതിയുടെ ആദ്യവസാനം ഉണ്ടായരിക്കേണ്ട ഒരു സമീപന രീതിയാണെന്നും അതിന്റെ പ്രയോഗവല്‍ക്കരണത്തില്‍ എല്ലാതലത്തിലും അത്തരം സാദ്ധ്യതകളെ ഉപയോഗപ്പെടുത്തണമെന്നും ജോണ്‍ പറയാതെ പറഞ്ഞു വെച്ചു.'അമ്മഅറിയാന്‍' എന്ന സിനിമയുടെ സാക്ഷാത്കാരത്തോടെ ജോണ്‍ അബ്രഹാം ഇത്തരമൊരു സാദ്ധ്യതയുടെ വലിയ വാതിലാണ് അല്ല, പലവാതിലുകളാണ് മലയാള സിനിമയില്‍ തുറന്നിട്ടത്.

സിനിമയുടെ ജനകീയത എന്ന ആശയത്തിന് സിനിമയെ നൂറു ശതമാനവും വ്യവസായമെന്ന നിലയില്‍ കാണുന്നവരുടെ ഇടയില്‍ നിന്ന് അംഗീകാരം കിട്ടാതെ പോയി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.പക്ഷേ തിരസ്‌കൃതരുടെയും പാര്‍ശ്വവര്‍കൃതരുടെയും കഥകള്‍ ആവിഷ്‌കരിക്കാന്‍ മസാലക്കൂട്ടുകളില്ലാതെ,കച്ചവടക്കണ്ണുകളില്ലാതെ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും ചില പിടിച്ചുവലികള്‍,ചില പിന്‍വലിയലുകള്‍ വേണ്ടിവരാറുണ്ട്.അതിനെ മറികടക്കാന്‍ 'നിലാവുറങ്ങുമ്പോള്‍' എന്ന സിനിമയിലൂടെ സിദ്ധിക്ക് പറവൂര്‍ ശ്രമിക്കുകയാണ്.ഒന്നരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സിനിമ കഴിയുമ്പോള്‍ നമുക്ക് ബോദ്ധ്യമാവും,ഈയജ്ഞം വിഫലമായില്ലെന്ന്.

തൊഴിലെടുത്തു ജീവിക്കുന്ന വേണ്ടത്ര വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒരു കടലോര ഗ്രാമത്തിലെ ജനങ്ങളുടെ സ്‌നേഹവും കാരുണ്യവും സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ഈ സിനിമയുടെ ഊര്‍ജ്ജധാര.അതിലേക്ക് ശുഭപ്രതീക്ഷയുടെ പ്രസാദാത്മകത സന്നിവേശിപ്പിച്ചുകൊണ്ടാണ് 'നിലാവുറങ്ങുമ്പോള്‍ ലക്ഷ്യപ്രാപ്തിയിലെത്തുന്നത്.ഈവിധമൊരു സന്ദേശം പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഈ ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവന്‍ പേരും ഈ സിനിമയില്‍ ഭാഗഭാക്കാവുന്നു.അഭിനയം കൊണ്ട,് മറ്റു ചിലര്‍ പശ്ചാത്തല സൗകര്യമൊരുക്കികൊണ്ട്, ഒന്നിനും കഴിയാത്തവര്‍ മനസ്സാല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്.അത് കൊണ്ട് 'നിലാവുറങ്ങുമ്പോള്‍'  എല്ലാ അര്‍ത്ഥത്തിലും ജനകീയമാവുന്നു.ജനകീയ സിനിമക്ക് ഈ കാലത്ത് നല്‍കാവുന്ന സാമാന്യം നല്ലൊരു ഉദാഹരണമാണ് 'നിലാവുറങ്ങുമ്പോള്‍' .ചായില്യം എന്ന സിനിമയെ എല്ലാ അര്‍ത്ഥത്തിലും ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു.

ഈ സിനിമിലെ നായകസ്ഥാനത്ത് പിതാവായ സുലൈമാനെയാണോ അതോ മകനായ സയിദിനെയാണോ പ്രതിഷ്ഠിക്കേണ്ടതെന്ന് ചിലപ്പോള്‍ സംശയിച്ചു പോയിട്ടുണ്ട്.നഷ്ടടബോധത്തിന്റെ  തുരുത്തില്‍ സ്വയം അലിഞ്ഞലിഞ്ഞില്ലാതാവുമ്പോഴും പ്രതീക്ഷയുടെ ഒരു തരി വെട്ടം വിദൂരതയിലെവിടെയോ മിന്നി നില്‍ക്കുന്നത് നാമറിയുന്നു.സയിദിന്റെ ഉമ്മ,എന്നേക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നീറിപ്പിടയുന്നതിന്റെ തീക്ഷ്ണത രജിത നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ഇസ്‌ലാമിക മൂല്യങ്ങളുടെ ബോധത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന സ്‌നേഹം,കാരുണ്യം,പ്രതീക്ഷ എന്നീ മൂല്യങ്ങളുടെ പ്രതിബിംബമായി ഇതിലെ സയിദ് എന്ന കുട്ടിയെ അവതരിപ്പിച്ച മാസ്റ്റര്‍ നിഷില്‍ എന്ന ശ്രദ്ധേയമായ അഭിനയമാണ് കാഴ്ചവെച്ചിട്ടുള്ളത്.ശ്രീനിയുടെ നാരായണനും ബീരാന്‍കുട്ടിയുടെ മാഷും ബക്കര്‍മാടവനയുടെ അബൂക്കയും എടുത്തു പറയേണ്ടതാണ്.എഴുപതുകളിലെ തീവ്രവാദരാഷ്ട്രീയത്തിന്റെ സര്‍ഗ്ഗാത്മകതയാല്‍ ജ്വലിച്ച ജനകീയ സിനിമയുടെ മുഖം ഇന്നു തുടിക്കുന്നത് ഹിംസാത്മകതയിലല്ല.മറിച്ച് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സൗമ്യസ്പര്‍ശങ്ങളില്‍ നിന്നാണെന്നു മാത്രം.സിദ്ധിക്ക് പറവൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച  ഈ ചിത്രം ചലച്ചിത്രത്തന്റെ മുഖ്യധാരാസംസ്‌കാരത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുകയും സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഇത്തരം ശ്രമങ്ങള്‍ക്ക് പിന്തുണയേകല്‍ കലാസമൂഹത്തിന്റെ  ബാധ്യതയായി ഞാന്‍ കാണുന്നു.കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സിദ്ധിക്ക് പറവൂരിന് ആകട്ടെയെന്ന് ആശംസിക്കുന്നു.

'നിലാവുറങ്ങുമ്പോള്‍' ('ഡോള്‍ഫിന്‍' പഴയ പേര്) എറിയാടിന്റെ സിനിമ

-സബിത ടീച്ചര്-

'നിലാവുറങ്ങുമ്പോള്‍' ('ഡോള്‍ഫിന്‍' പഴയ പേര്)എന്ന ജനകീയ സിനിമ കണ്ടു. ആദ്യപ്രദര്‍ശനം തന്നെ കാണാന്‍ കഴിഞ്ഞു. എ ഗ്രേഡ് ഉണ്ട് എന്നു പറയാം. എറിയാട്-അഴീക്കോട് ഭാഗത്തെ പച്ചയായ, സ്‌നേഹം തുളുമ്പുന്ന ജീവിതം സിദ്ദീഖ് പറവൂര്‍ കാഴ്ചക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ്. എല്ലാ കാര്യത്തിലും സിദ്ദീഖ് നല്ലൊരു വര്‍ക്ക് ആണ് നടത്തിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായ സെയ്ദ്. കടലില്‍ പോയി കാണാതായ വാപ്പാടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ നോക്കി വിഷമിക്കുന്നതു മുതല്‍ കാഴ്ചക്കാരെ ഹഠാദാകര്‍ഷിച്ചുകൊണ്ടാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. ഒപ്പം അനാഥത്വത്തിന്റെയും വൈധവ്യത്തിന്റെയും വേദനകളെ അനുവാചകരിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്.



മസ്‌കത്തില്‍ പോയി, കടല്‍പ്പണിക്കിടയ്ക്ക് കാലൊടിഞ്ഞ്, തിരിച്ച് നാട്ടില്‍ വന്ന് കടം കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ആത്മഹത്യ ചെയ്ത ഒരു മനുഷ്യന്റെ മകന്‍ സെയ്ദ് എനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ദിവസം വാപ്പാനെപ്പറ്റി പറഞ്ഞപ്പോള്‍ ''ടീച്ചര്‍ക്കെന്റെ വാപ്പാനെ കാട്ടിത്തരട്ടെ?'' എന്നും പറഞ്ഞ് പേഴ്‌സില്‍നിന്ന് വാപ്പാടെ ഫോട്ടോ എടുത്ത് എന്നെ കാണിച്ച എട്ടാംക്ലാസ്സുകാരന്‍ സെയ്ദ് പേരുകൊണ്ടും ജീവിത ചുറ്റുപാടുകള്‍ കൊണ്ടും ഈ സെയ്ദുമായി സാമ്യത പുലര്‍ത്തുന്നു. എന്റെ സെയ്ദിന്റെ വല്യപ്പയും അടുത്തിടെ മരിച്ചുപോയി. മൂന്നു സെന്റ് സ്ഥലത്തിനുവേണ്ടി വിധവയായ ആ മാതാവ് നെട്ടോട്ടമോടുകയാണ്.

ഈ സിനിമ കണ്ടപ്പോള്‍ ഇത്തരം പല മുഖങ്ങളും നമ്മുടെ ഓര്‍മയിലേക്ക് ഓടിയെത്തുകയാണ്. സുലൈമാന്‍ എന്ന നല്ല മനുഷ്യന്‍ തന്റെ മകന് പകര്‍ന്നുകൊടുത്ത സദ്ചിന്തകള്‍ ഈ നാട്ടിലെ എല്ലാ വാപ്പാമാര്‍ക്കും പാഠമാകാന്‍ കഴിഞ്ഞാല്‍ അത് ഡയറക്ടര്‍ സിദ്ദീഖ് പറവൂരിന്റെ ജീവിതസാഫല്യമായി എന്ന് നമുക്ക് പറയാം. കാരണം, നല്ലൊരു ശതമാനം പിതാക്കളും ഇന്ന് മക്കളോട് നന്മ പറഞ്ഞുകൊടുക്കാന്‍ അര്‍ഹരല്ല. കള്ളിനും കഞ്ചാവിനും അടിമകളായി മാറിപ്പോയ വലിയൊരു ജനസഞ്ചയത്തിനിടയില്‍നിന്ന് സുലൈമാനെ പൊക്കിക്കൊണ്ടുവന്ന് സിദ്ദീഖ് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്.

ഒരു അധ്യാപിക എന്ന നിലയ്ക്കും കുടുംബപ്രശ്‌നങ്ങളില്‍ നേരിട്ടിടപെടാറുള്ള ഒരാളെന്ന നിലയ്ക്കും ഈ കഥയിലൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു. വിധവകളെ, അനാഥകളെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിക്കാനും സ്‌നേഹിക്കാനും അവരുടെ കാര്യങ്ങളില്‍ ഇടപെടാനും കഴിയുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതിയുണ്ട്. സാധുവെങ്കിലും നാരായണന്‍കുട്ടിച്ചേട്ടന്‍ എന്ന ശ്രീനി ആ ഭാഗം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിലും സാധുക്കളായ മനുഷ്യരെ അഭ്രപാളിയിലേക്കെത്തിക്കാനുള്ള സിദ്ദീഖിന്റെ ശ്രമം പൂര്‍ണ വിജയമാണെന്ന് പറയാം.
                                                     
എന്നെ ആകര്‍ഷിച്ച മറ്റൊരു രംഗം ഗുണ്ടകള്‍ (പുറമേ നിന്ന് കടപ്പുറത്ത് വരുന്നവര്‍) പോലുള്ളവര്‍ സൈദിനെ റാഗ് ചെയ്യുന്ന രംഗം. ഇതും കടപ്പുറത്തിന്റെ കാണാക്കാഴ്ചകളാണ്. ആ കരച്ചിലിനൊടുവില്‍ നാരായണന്‍കുട്ടിച്ചേട്ടന്‍ ആ അനാഥബാലനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ്, തന്റെ പ്രിയസുഹൃത്തായ സുലൈമാനെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിക്കുമ്പോള്‍ ജാതീയതയും വര്‍ഗീയതയും  തീര്‍ക്കുന്ന എല്ലാ മാധ്യമങ്ങളുടെ നേര്‍ക്കുമാണ് ആ ശബ്ദം പ്രതിധ്വനിക്കുന്നത്. ജാതിരാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും കളിക്കുന്ന രാഷ്ട്രീയക്കാര്‍ക്കൊക്കെ ഇതില്‍നിന്ന് പാഠങ്ങളുണ്ട്. ഞങ്ങളുടെ ജനകീയ പ്രസിഡന്റായ രമേശനും സുഹൃത്തുക്കളും സുലൈമാനെ ആദരിക്കുന്ന ചടങ്ങൊക്കെ ഒരുപാട് സന്ദേശങ്ങള്‍ വാരി വിതറിക്കൊണ്ടാണ് നീങ്ങുന്നത്. എല്ലാ കഥാപാത്രങ്ങളും ജനകീയമായവരാണെന്നതും എല്ലാവരും തങ്ങളുടെ ഭാഗം സുന്ദരമായി അഭിനയിച്ചു ഫലിപ്പിച്ചു എന്നതും എടുത്തുപറയത്തക്ക മേന്മയാണ്.


ഐഷയും മോനും ഉപ്പയും എല്ലാം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സാധാരണക്കാരന്‍ (പൈസ കൊണ്ട്) ആയ സിദ്ദീഖ് തന്റെ ഒരു സ്വപ്‌നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. കുറേ വര്‍ഷങ്ങളായി അടുത്തറിയുന്നവര്‍ എന്ന നിലയ്ക്ക് ഞാനും ഇതില്‍ ഏറെ സന്തോഷിക്കുന്നു.

രണ്ട് കുറവുകള്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നു. (എനിക്ക് തോന്നിയതാണ്; ശരിയാണോ എന്നറിയില്ല). സുലൈമാന്‍ മരിച്ചതറിയാതെ, തന്നെ മുമ്പ് വെള്ളത്തില്‍നിന്ന് രക്ഷിച്ച സുലൈമാന്റെ വീട് തിരഞ്ഞുവന്ന് ഒരു പയ്യന്‍ ഭാര്യയെയും മകനെയും കാണുന്ന രംഗം അല്പം കൂടി ഭാവാത്മകമാക്കാമായിരുന്നു. അതുപോലെ സുലൈമാന്‍ ശ്രീലങ്കന്‍ ജയിലിലുണ്ടെന്ന വാര്‍ത്ത അറിയുമ്പോള്‍ ഞങ്ങളുടെ എറിയാട് ഗ്രാമം കുറച്ചുകൂടി ആര്‍ത്തുല്ലസിക്കണമായിരുന്നു. കാരണം, ഞങ്ങള്‍ എറിയാട്ടുകാരാണ് - സ്‌നേഹിക്കാനും സഹായിക്കാനും മാത്രം അറിയാവുന്നവര്‍.

വാല്‍ക്കഷണം: ഈ സിനിമ കണ്ടപ്പോള്‍ എനിക്കും ഒരു സിനിമ എടുത്താല്‍ കൊള്ളാമെന്നുണ്ട്. ചുമ്മാ... തമാശ. ഇനിയും ഇത്തരം സംരംഭങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

വസ്സലാം,

സ്വന്തം ടീച്ചര്‍


സബിത ടീച്ചര്